കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

Posted on Wednesday, December 13, 2023
photo

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ സോണല്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.  ഒ പി & ഫാര്‍മസി ബ്ലോക്കിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ഇമ്മ്യൂണൈസേഷന്‍ & അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്‍റെ താഴത്തെ നില നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ ഒ പി റൂം, ലാബ്, ഫാര്‍മസി, ഒബ്സര്‍വ്വേഷന്‍ റൂം എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കണ്ണൂര്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഒന്നാം നില നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, ഇമ്മ്യൂണൈസേഷന്‍ ഫീല്‍ഡ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.  എന്‍ എച്ച് എം ഫണ്ടുപയോഗിച്ച് 15 ലക്ഷം രൂപ ചെലവഴിച്ച് ഈ കെട്ടിടത്തിന്‍റെ മറ്റ് പണികള്‍ പൂര്‍ത്തീകരിച്ച് സമീപഭാവിയില്‍ തന്നെ ഇത് ഫാമിലി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തും. അതോടെ സായാഹ്ന  ഒ പി സൗകര്യവും നിലവില്‍ വരികയും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യും.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ പ്രദീപന്‍, എ ഉമൈബ, ശ്രീജ ആരംഭന്‍, വി കെ ശ്രീലത, മിനി അനില്‍കുമാര്‍, കെ നിര്‍മ്മല, കെ പി രജനി, വിവിധ പാര്‍ട്ടി പ്രതിനിധികളായ ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, എം പി ഭാസ്കരന്‍, കുഞ്ഞില്ലത്ത് ലക്ഷ്മണന്‍, എന്‍ പി ഷാജു, കെ പി ദിലീപ്, ഡോ. അനില്‍ കുമാര്‍, ഡോ.ധന്യ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

photo