കോർപ്പറേഷനിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്ന തിനായി രണ്ടു മാസത്തിലൊരിക്കലെങ്കിലും കോർപ്പറേഷൻ ഓഫീസിലും, സോണൽ ഓഫീസുകളിലും ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. നടപടിക്രമങ്ങളിലെ കാലതാമസം കൊണ്ട് സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കാതിരിക്കുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ, എൻജിനീയറിങ്, ആരോഗ്യം, മറ്റ് പൊതുവിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുള്ള 218 ഫയലുകളും പുതുതായി ലഭിച്ച നൂറോളം അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു.
ഇവയിൽ നൂറോളം ഫയലുകളിൽ തീർപ്പു കൽപ്പിച്ചു. ബാക്കിയുള്ളവ മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകി.
ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി രാജേഷ്, അഡ്വ. പി.ഇന്ദിര, സിയാദ് തങ്ങൾ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, അഡീഷണൽ സെക്രട്ടറി വി.വി ലതേഷ് തുടങ്ങിയവർ സംസാരിച്ചു.
കൗൺസിലർമാരും വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരും അദാലത്തിൽ സംബന്ധിച്ചു.