കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി രണ്ടാം വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സർക്കാർ തദ്ദേശസ്ഥാപനങ്ങളെ ഞെരുക്കി ഇല്ലാതാക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം യഥാസമയം മുന്‍കൂട്ടി അനുവദിച്ച് നല്‍കാത്തതുകൊണ്ട് പദ്ധതി ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും കാലതാമസം ഉണ്ടാകുന്ന സാഹചര്യമാണ് 2022-23 വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്.
നടപ്പു വര്‍ഷത്തില്‍ നവംബര്‍ മാസത്തിലാണ് ഫണ്ടുകള്‍ അനുവദിച്ചു കിട്ടിയത്.
മാര്‍ച്ച് 31 ന് മുമ്പ് പദ്ധതി തുക ചെലവഴിക്കാനായില്ലെങ്കില്‍ ഫണ്ട് തിരിച്ചുപിടിക്കാനുള്ള ആസൂത്രിത നീക്കം സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. നല്ല രീതിയിലുള്ള ആസൂത്രണമില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ കൃത്യമായ ഗുണം ജനങ്ങള്‍ക്ക് ലഭിക്കില്ല. വരും വര്‍ഷങ്ങളില്‍ പ്രശ്നങ്ങളില്ലാതെ കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുവാന്‍ വേണ്ടി സമയവും സാഹചര്യവും സര്‍ക്കാര്‍ നല്‍കണം. ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ അനുവദിച്ച തുകയില്‍ 5 കോടിയോളം രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. കുറവ് ചെയ്ത തുക നികത്തി അധികവിഹിതം കൂടി അനുവദിച്ചാല്‍ മാത്രമേ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കൂ എന്നും മേയര്‍ പറഞ്ഞു.
കുടിവെള്ളക്കരത്തിൽ ഉണ്ടായ വർദ്ധനയും തദ്ദേശസ്ഥാപനങ്ങൾക്ക് താങ്ങാൻ കഴിയാത്തതാണ് എന്നും മേയർ പറഞ്ഞു.
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് പദ്ധതി അവതരണം നടത്തി. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, എന്‍ സുകന്യ, എന്‍ ഉഷ, വി കെ ഷൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ്, പ്ലാനിംഗ് റിസോഴ്സ് പേഴ്സണ്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
19 വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും വാര്‍ഡ് കമ്മിറ്റികളില്‍ നിന്നും ലഭ്യമായ 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ അംഗീകരിച്ച കരട് പദ്ധതിരേഖ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന സെമിനാറില്‍ വിശദമായ ചര്‍ച്ച നടന്നു.
ചര്‍ച്ചക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്കായി വികസന ഫണ്ട് ഇനത്തില്‍ 52 കോടി രൂപയും പട്ടികജാതി പ്രത്യേക ഘടക പദ്ധതിക്കായി 3 കോടി 68 ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗ ഉപ പദ്ധതിക്കായി 35 ലക്ഷം രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡിതരം) 4 കോടി രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡ്) 10 കോടി 63 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വികസന സെമിനാറില്‍ നിന്നും അന്തിമ പദ്ധതി രേഖയിലേക്ക് ഉയര്‍ന്നുവന്ന പ്രധാന പദ്ധതി നിര്‍ദ്ദേശങ്ങള്‍
*കോര്‍പ്പറേഷന്‍റെ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും സമ്പൂര്‍ണ്ണ ഇ-ഡിജിറ്റല്‍ ഓഫീസാക്കല്‍
* മാലിന്യ ശേഖരണ വണ്ടികളില്‍ ജി പി എസ് ട്രാക്കിംഗ് സിസ്റ്റം ഏര്‍പ്പെടുത്തല്‍
* മൃഗാശുപത്രികളുടെ ആധുനികവല്‍ക്കരണം
* വനിതകളെ തൊഴില്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് നൈപുണ്യ പരിശീലനം
* ഭിന്നശേഷിക്കാര്‍ക്ക് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍
* അംഗണവാടികള്‍ക്ക് സ്ഥലം വാങ്ങല്‍, കെട്ടിട നിര്‍മ്മാണം, വൈദ്യുതീകരണം.
* ഡയാലിസിസിന് ധനസഹായവും മാരകരോഗങ്ങള്‍ക്ക് മരുന്നും.
* പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ കുടിവെള്ള ഗാര്‍ഹിക കണക്ഷന്‍
* വൈദ്യുതപോസ്റ്റുകള്‍ ഒഴിവാക്കി ഭൂമിക്കടിയിലൂടെ വൈദ്യുതിലൈന്‍ ഒന്നാം ഘട്ടം.
* 1 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം
* പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് ഹോസ്റ്റല്‍.