യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് എന്ന ആശയത്തെ അടിസ്ഥാനമാക്കി നാടന്‍ കലകളുടെയും കരകൗശല പ്രതിഭകളുടെയും നഗരമായി കണ്ണൂരിനെ മാറ്റിയെടുക്കുന്നതിനും പ്രസ്തുത രീതിയില്‍ അന്താരാഷ്ട്ര തലത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.സ്പോര്‍ട്സ് സ്കൂളില്‍ വെച്ച് ക്രാഫ്റ്റ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂരിന്റെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന് ശില്പശാല ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ നഗരവുമായി ഇഴചേര്‍ന്ന് നില്ക്കുന്ന കൈത്തറിയെയും നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ തെയ്യം പോലുള്ള നാടന്‍ കലകളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയും തെയ്യവുമായി ബന്ധപ്പെട്ട വര്‍ണ്ണരീതികള്‍ കൈത്തറിയിലേക്ക് എങ്ങനെ വിന്യസിക്കാമെന്നുമുള്ള അന്വേഷണമാണ് ഈ ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നത്. സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി ഇത് ഉപകരിക്കും.
കാഞ്ഞിരോട് വീവേര്‍സ് ഡെയിംഗ് മാസ്റ്റര്‍ ജിതിന്‍രാജ് കെ, കേരള ഫോക്ലോര് അക്കാദമി യുവപ്രതിഭാ പുരസ്കാര ജേതാവ് കെ ഉദയകുമാര്‍, മേയേഴ്സ് എസ് ഡി ജി ഫെലോ പാര്‍വ്വതി സി ബി, അശ്വിന്ദ് ജി ചന്ദ്രന്, പ്രിന്‍സിപ്പാള്‍ സപ്ന കെ, ഹെഡ്മാസ്റ്റര് പ്രദീപ് നാരോത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റിയിലേക്ക് പഠനയാത്രയും നടത്തി.