കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം, മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ചേലോറ മാലിന്യ സംസ്കരണ കേന്ദ്രം എന്നിവ മന്ത്രി എം ബി രാജേഷ് സന്ദര്‍ശിച്ചു.

Posted on Friday, August 4, 2023
photo

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പുതിയ ആസ്ഥാനമന്ദിര നിര്‍മ്മാണം നടക്കുന്ന സ്ഥലവും കോര്‍പ്പറേഷന്‍ ഓഫീസും പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്‍റും ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതിയും തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പു മന്ത്രി സന്ദര്‍ശിച്ചു വിലയിരുത്തി. ആസ്ഥാന മന്ദിര നിര്‍മ്മാണത്തില്‍ സമീപകാലത്ത് ഉണ്ടായ മെല്ലെപ്പോക്ക് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവൃത്തി 95 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഇത്തരം പ്ലാന്‍റുകളുമായി ബന്ധപ്പെട്ട് സമൂഹത്തിലുള്ള പരമ്പരാഗത ധാരണകളെ തിരുത്തുന്നതിന് ഇത്തരം പ്ലാന്‍റുകളുടെ പ്രവര്‍ത്തനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ പരിസരം മനോഹരമായ പൂന്തോട്ടമായി പരിപാലിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന സംവിധാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്നത് രൂക്ഷമായ ദുർഗന്ധം ഉണ്ടാകുമെന്ന് പ്രചരണം അസ്ഥാനത്താണ്.
പ്ലാന്‍റ് അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാനാകും. ഇതോടെ  ഏറ്റവും നൂതനമായ RMBR ടെക്നോളജിയോടെ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂർ കോർപ്പറേഷൻ മാറും.

തുടര്‍ന്ന് ചേലോറയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദര്‍ശിച്ച് ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തിയും പ്ലാസ്റ്റിക് സംസ്കരണ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. വിന്‍ഡ്രോ കമ്പോസ്റ്റിംഗ് സംവിധാനവും തുമ്പൂര്‍മൊഴി മോഡലും കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയോടൊപ്പം വിവിധ സ്ഥലങ്ങളില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍,  നഗരകാര്യ ഡയറക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഐ എ എസ്, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ ടി ജെ അരുണ്‍, കൗണ്‍സിലര്‍മാരായ കെ പ്രദീപന്‍, കെ പി അബ്ദുള്‍ റസാഖ്, അഷ്റഫ് ചിറ്റുള്ളി, ശ്രീജ ആരംഭന്‍, പി പി ബീബി, എ ഉമൈബ, പി കൗലത്ത്, ശ്രീലത വി കെ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.