കണ്ണൂര്‍ കോര്‍പ്പറേഷന്‍ മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനത്തിന് സജ്ജം. ജലവിഭവ സെക്രട്ടറിയും ഇംപാക്ട് കേരള എം ഡിയും പ്ലാന്‍റ് സന്ദര്‍ശിച്ചു.

Posted on Wednesday, November 8, 2023
photo

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മഞ്ചപ്പാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദിവസവും 10 ദശലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനത്തിന് സജ്ജമായി. പ്ലാന്‍റ് സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ് ഐ എ എസ്, നഗരവികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ഇംപാക്ട് കേരളയുടെ മാനേജിംഗ് ഡയറക്ടറായ എസ് സുബ്രമണ്യം ഐ എ എസ് എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇദംപ്രഥമം ആയാണ് ഇത്തരം ഒരു സംരംഭം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതെന്നും ഇംപാക്ട് കേരള എം ഡി എസ് സുബ്രമണ്യം പറഞ്ഞു. ഇത് മാതൃകാപരവും പ്രശംസനീയവുമാണ്. ഇവിടെ നിന്ന് ജലം ശുദ്ധീകരിച്ച് കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഏറെ ഭംഗിയായി ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പ്ലാന്‍റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും മലിന ജലം ഉത്ഭവത്തില്‍ നിന്നു തന്നെ പൈപ്പു വഴി പ്ലാന്‍റിലേക്ക് എത്തിക്കുന്നതുകൊണ്ട് ഈ മേഖലയിലെ ജനങ്ങളുടെ ഏറെ കാലത്തെ ദുരിതത്തിന് അറുതിയാവുകയാണെന്നും മേയര്‍ അഡ്വ.ടി ഒ മോഹനന്‍ പറഞ്ഞു. മന്ത്രിയുടെ തീയ്യതി ലഭിച്ചാല്‍  വൈകാതെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ പി വി ജയസൂര്യന്‍, കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ വല്‍സന്‍ പി പി, ജസ്വന്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.