കണ്ണൂര്‍ കോര്‍പ്പറേഷന്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ കുഴിയെടുത്തതിന്‍റെ ഭാഗമായി തകര്‍ന്ന മാര്‍ക്കറ്റിലെ ന്യൂസ്റ്റോര്‍ മുതല്‍ കോമളവിലാസം ഹോട്ടല്‍ വരെയുള്ള റോഡ് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മേയര്‍ അഡ്വ.ടി ഒ മോഹനനും കൗണ്‍സിലര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ടാര്‍ ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റോഡ് നാട്ടുകാരുടെയും വ്യാപാരികളുടെയും അഭ്യര്‍ത്ഥന പ്രകാരം മനോഹരമായ രീതിയില്‍ ഇന്‍റര്‍ലോക്ക് ചെയ്യുന്നതിന് തീരുമാനിക്കുകയായിരുന്നു.
206 മീറ്റര്‍ നീളത്തിലാണ് 20 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ ചെലവഴിച്ച് ഇന്‍റര്‍ലോക്ക് ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തിയുടെ പകുതി പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പ്രവൃത്തി പൂർത്തീകരിച്ചു ഗതാഗതയോഗ്യമാകും.
നഗരത്തിലെ റോഡുകളെല്ലാം ഇന്‍റര്‍ലോക്കും മെക്കാഡവും ചെയ്ത് മനോഹരമാക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നു വരികയാണെന്നും ഇതിലൂടെ നഗരസൗന്ദര്യല്‍ക്കരണത്തോടൊപ്പം ജനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാര പാത ഒരുക്കുക കൂടിയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചെയ്യുന്നത് എന്നും മേയര്‍ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.
മേയറോടൊപ്പം ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ കെ സുരേഷ്, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ലിസിന പുതുശ്ശേരി തുടങ്ങിയവരും ഉണ്ടായിരുന്നു.