കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഗാര്‍ഹിക മാലിന്യ സംസ്കരണ രീതികളുടെ നിലവിലുള്ള അവസ്ഥകള്‍ മനസ്സിലാക്കി പദ്ധതികള്‍ തയ്യാറാക്കുന്നതിനും മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി കോര്‍പ്പറേഷന്‍ വിപുലമായ സര്‍വ്വെ ആരംഭിക്കുന്നു. സര്‍വ്വെ നടത്തുന്നതിനായി ഹൈസ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തും. 600 ഓളം വിദ്യാര്‍ത്ഥികളെ ഇതിനായി തെരഞ്ഞെടുക്കും. എന്‍ എസ് എസ്, എന്‍ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വേക്കായി നിയോഗിക്കുക. ഓരോ ഡിവിഷനിലും 2 പേര്‍ അടങ്ങുന്ന 5 ഗ്രൂപ്പുകളായിട്ടാണ് സര്‍വ്വെ നടത്തുക. മാലിന്യ സംസ്കരണത്തില്‍ നിലവില്‍ അവലംബിക്കുന്ന രീതി, ഇല്ലെങ്കില്‍ ഏത് രീതി, അജൈവ പാഴ് വസ്തുക്കള്‍ തരം തിരിച്ച് സംസ്കരിക്കുന്നുണ്ടോ, ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടോ, മലിനജല സംസ്കരണ സംവിധാനം ഉണ്ടോ തുടങ്ങി പതിനഞ്ചിലധികം ചോദ്യങ്ങളാണ് സര്‍വ്വെയില്‍ ഉണ്ടാകുക. ഒരാഴ്ച്ചക്കകം സര്‍വ്വെ പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സര്‍വ്വേക്കാവശ്യമായ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസില്‍ രണ്ടാം ഘട്ട യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ പങ്കെടുത്തു. മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍മാരായ എന്‍ ഉഷ, സുനിഷ സി, എസ് ഷഹീദ, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു, സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് എഞ്ചിനീയര്‍ വിഷ്ണു സി ദാമോദര്‍, ദൃശ്യ എം തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വ്വെ സംബന്ധിച്ച കാര്യങ്ങള്‍ ശുചിത്വ മിഷന്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍ ഇ മോഹനന്‍ വിശദീകരിച്ചു.